തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍.ഈസ്റ്റ് ഡല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്വദേശി സൂരജ് (23), ഡല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുളഗഡെ സ്വദേശി ജേക്കബ് രാജ് (22) എന്നിവരാണ് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ വഴി കല്യാണ്‍ ജൂവലേഴ്‌സിന്റെ വിവിധ ഷോറൂമുകളില്‍ ജോലി വാഗ്ദാനം ചെയ്തു വന്‍തുക ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെന്നാണു കേസ്. തട്ടിപ്പുകാരുടെ വലയില്‍ വീണ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ഗ്രൂപ്പിനെ നേരിട്ടു ബന്ധപ്പെട്ടതോടെയാണ് വന്‍ തട്ടിപ്പ് പുറത്തായത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ ക്രൈം എസ്‌ഐ കെ.എസ്. സന്തോഷും സംഘവും മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാണ്‍ ജൂവലേഴ്‌സ് കോര്‍പറേറ്റ് ഓഫിസ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജു കമ്മിഷണര്‍ ആര്‍. ആദിത്യയ്ക്കു നല്‍കിയ പരാതിയാണ് അറസ്റ്റിലേക്കു നയിച്ചത്.
ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ ജോലിക്കു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ലോഗോയും മറ്റും അടിച്ചുമാറ്റി വ്യാജ വെബ്‌സൈറ്റുകളും ഇമെയില്‍ വിലാസവും സൃഷ്ടിച്ചെടുക്കും. ഇത്തരം വെബ്‌സൈറ്റുകളില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്കു സന്ദേശമയയ്ക്കും. തട്ടിപ്പാണെന്നു സംശയം തോന്നാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഇവര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ടെസ്റ്റ് എന്നിവ നടത്തും.ഉദ്യോഗാര്‍ഥി വലയില്‍ വീണെന്നു ബോധ്യപ്പെട്ടാല്‍ അഡ്‌മിഷന്‍ ഫീസ്, ട്രെയിനിങ് ചാര്‍ജ് തുടങ്ങിയ പേരുകള്‍ പറഞ്ഞു പലപ്രാവശ്യമായി പണം തട്ടും. നിയമനം ലഭിച്ച് ആദ്യശമ്പളം ലഭിക്കുമ്പോള്‍ ഈ തുക തിരികെ നല്‍കുമെന്നു കൂടി തട്ടിപ്പുകാര്‍ പറയുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ വിശ്വസിക്കുന്നു.