കോഴിക്കോട് : കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്.അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തുകയാണ്. പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം.