നെന്മാറ: കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ സഹപാഠിയെ രക്ഷിക്കുന്നതിനിടെ കയത്തില്‍വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.കാവശ്ശേരി കഴനി നടക്കാവ് വീട്ടീല്‍ റിട. അധ്യാപകന്‍ എന്‍ ജയപ്രകാശന്റെ മകന്‍ അഖിലാണ് (22) മരിച്ചത്. നെല്ലിയാമ്പതി എസ്റ്റേറ്റിനകത്തുകൂടെ ഒഴുകുന്ന ചെറുനെല്ലിപ്പുഴയിലാണ് അപകടം സംഭവിച്ചത്.
വ്യാഴാഴ്ച ടിടിഐ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ നെല്ലിയാമ്പതിയിലേക്ക് വന്നതായിരുന്നു കൂട്ടുകാരുടെ സംഘം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെല്ലിയാമ്പതിയിലെത്തിയ ഇവര്‍ തോട്ടത്തിനകത്തുകൂടെ ഒഴുകുന്ന പുഴയിലേക്കെത്തി. അഖിലിന്റെ കൂടെ സഹപാഠികളായ കഴനി കല്ലേപ്പുള്ളി പൂവക്കോട് വീട്ടീല്‍ എസ് അനുരാജ് (38), പുതുക്കോട് ആസിഫ് മന്‍സിലില്‍ എം മുഹമ്മദ് റാഫി (19), കണ്ണനൂര്‍ കളത്തില്‍വീട്ടില്‍ ബി ആദിത്യരാജ് (19) എന്നിവരും ഉണ്ടായിരുന്നു.കുത്തനെ വെള്ളമൊഴുകുന്ന ഭാഗത്ത് കുളിക്കാനായി അനുരാജ് ഇറങ്ങിയതും കാല്‍വഴുതി വെള്ളം ഒഴുകിയുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നീന്തലറിയാവുന്ന അഖില്‍ അനുരാജിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങാന്‍ ശ്രമിച്ചതും മിനുസമേറിയ പ്രതലത്തില്‍ വഴുതി 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണുവെന്നും ഇതിനിടെ അനുരാജ് പരിക്കുകളോടെ കരയ്ക്ക് കയറിയെന്നും മറ്റുള്ളവര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ താഴേക്കിറങ്ങി വെള്ളക്കെട്ടില്‍ തിരഞ്ഞെങ്കിലും അഖിലിനെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍റൂമിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തോട്ടത്തിലെ തൊഴിലാളികളും പാടഗിരി പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ നാലുമണിയോടെ മൃതദേഹം കുഴിയില്‍നിന്ന് കണ്ടെത്തി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.അഖിലിന്റെ അമ്മ: പി. ശാന്തകുമാരി (പ്രധാനാധ്യാപിക, ഗവ. ഗേള്‍സ് എച് എസ് എസ് ആലത്തൂര്‍). സഹോദരി: ആര്യ (ഇന്‍ഫോസിസ്, ബെംഗ്‌ളൂറു).