തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാറശാല അയിങ്കാമം കാട്ടാവിള വീട്ടിൽ പ്രസാദിന്റെ ഭാര്യ സുബിത(38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് സുബിത കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ നടന്ന പരിശോധനയിൽ ചെള്ളുപനി സ്ഥിരീകരിച്ചു. ഞായർ രാവിലെ 6.45 ന് ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇവർ വൃക്കരോഗത്തിനും ചികിത്സയിലായിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു.പനി ബാധിച്ച വീട്ടമ്മ പാറശാലയിലെയും നെയ്യാറ്റിൻകരയിലെയും രണ്ട് സ്വകാര്യ ആശുപത്രികളിൽൽ ചികിത്സ തേടിയ ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഭർത്താവ് പ്രസാദ് കൂലിപ്പണിക്കാരനാണ്. മക്കൾ :അർഷിൻ, അർജിത്. സംസ്കാരം തിങ്കൾ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ നടക്കും.
ചിത്രം : സുബിത