കല്ലമ്പലം: സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം നടത്തിയ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍.കല്ലമ്പലം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ചെമ്മരുതി പനയറ ക്ഷേത്രത്തിനു സമീപം മണികണ്ഠവിലാസം വീട്ടില്‍നിന്നും ചാത്തന്നൂര്‍ ശീമാട്ടി വരിഞ്ഞം മണികണ്ഠവിലാസത്തില്‍ താമസിക്കുന്ന ജയകുമാരി (50), പെരുമണ്‍ എന്‍ജിനീയറിങ് കോളജിന് സമീപം സുജ ഭവനില്‍നിന്നും കൊല്ലം കിളികൊല്ലൂര്‍ കരിക്കോട് എന്‍ജിനീയറിങ് കോളജിന് സമീപം മലയാളം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (36) എന്നിവരാണ് അറസ്റ്റിലായത്.സ്വകാര്യപണമിടപാട് സ്ഥാപനത്തിന്‍റെ കല്ലമ്പലം ബ്രാഞ്ചില്‍ പ്രതികള്‍ 113 ഗ്രാം മുക്കുപണ്ടം പണയംവെക്കാന്‍ കൊടുത്ത് അഞ്ച് ലക്ഷംരൂപ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ നല്‍കിയ ഉരുപ്പടികള്‍ മാനേജര്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവരം പോലീസിന് വിവരം കൈമാറി. കല്ലമ്ബലം പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.