കന്യാകുമാരി: അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു .കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് ഇയാളുടെ മകള്‍ സുഷ്വിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു
ദിവസവും രാത്രിയില്‍ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രന്‍ എല്ലാ ദിവസവും ഭാര്യ സുജി മോളെയും
മക്കളായ സുഷ്വിക മോള്‍ (4), സുഷിന്‍ സിജോ (12 ), സുജിലിന്‍ ജോ (9) എന്നിവരെ മര്‍ദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയില്‍ മദ്യപിച്ചു വീട്ടില്‍ എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ നാലു വയസ്സുകാരിയായ സുഷ്വികയെ പാമ്പു കടിക്കുകയായിരുന്നു.ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവളാണ് സുഷ്വിക. അച്ഛന്‍ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തില്‍ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങള്‍ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.