തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പോലീസുകാരെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി; വൻ പോലീസ് സന്നാഹമെത്തി മോചിപ്പിച്ചുതിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പോലീസിനെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പോലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുള്ളിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിലെത്തിയ സംഘം മൂന്ന് പേരെയും മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ മത്സ്യത്തൊഴിലാളി സംഘത്തിലെ 10 പേരെ പോലീസ് പിടികൂടി. വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ എ എസ് ഐ അജിത്ത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് കണ്ടെത്തിയത്.
വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.