തിരുവനന്തപുരം : അമൃത വിശ്വ വിദ്യാപീഠം സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഈ മാസം 22 വരെ അപേക്ഷിക്കാം. എഞ്ചിനീയറിങ്, മാനേജ്മെന്റ്, ആർട്‌സ്, സയൻസ്, ഹ്യുമാനിറ്റീസ്, ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, മെഡിക്കൽ സയൻസസ്, മീഡിയ, കൊമേഴ്സ് വിഷയങ്ങളിൽ ഗവേഷണത്തിന് അവസരമുണ്ട്. അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി, ബെംഗളൂരു, കോയമ്പത്തൂർ, കൊച്ചി, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലുള്ള കാമ്പസുകളിൽ പ്രവേശനം നേടാവുന്നതാണ്. https://amrita.edu/2022-PhD എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.ആഗോളതലത്തിൽ ശ്രദ്ധേയരായ ശാസ്ത്രജ്ഞരെ തീസിസ് ഉപദേഷ്ടാവായി ലഭിക്കുന്നതും ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അമൃത സർവകലാശാലയുടെ പിഎച്ച്ഡി പ്രോഗ്രാമുകളുടെ മൂല്യം വർധിപ്പിക്കുന്നു. യോഗ്യരായ ഗവേഷക വിദ്യാർത്ഥികൾക്ക് പ്രതിമാസം 40,000 രൂപ വരെയുള്ള സ്‌കോളർഷിപ്പും ലഭ്യമാണ്. ന്യൂയോർക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് ബഫല്ലോ, യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോ, ആംസ്റ്റർ ഡാം വ്രിജെ യൂണിവേഴ്‌സിറ്റി, ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് എൽ അക്വില , ബാഴ്‌സലോണടെക്, പോളിടെക്‌നിക്കോ ഡി മിലാനോ തുടങ്ങിയ നിരവധി പ്രമുഖ അന്താരാഷ്ട്ര സർവ്വകലാശാലകളുമായി അമൃത വിശ്വ വിദ്യാപീഠം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ സർവകലാശാലകളുമായി ചേർന്നുള്ള ഡ്യുവൽ-പിഎച്ച്ഡി ബിരുദം, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എന്നിവയ്ക്കുള്ള അവസരങ്ങളും ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ 2021ലെ എൻഐആർഎഫ് റാങ്കിങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 5 സർവകലാശാലകളിൽ ഒന്നായി അമൃത സർവകലാശാല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈംസ് ഹയർ എജ്യുക്കേഷൻ ഇംപാക്ട് റാങ്കിങിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ലോകത്തിൽ 41-ാം സ്ഥാനവും അമൃത സ്വന്തമാക്കിയിരുന്നു.