തിരുവനന്തപുരം:ചെറുകിടക്കാർക്ക് കുത്തക കമ്പനികളോടോപ്പം മത്സരിക്കുവാൻ കഴിയാതെ കളം വിടേണ്ടി വരും. ജൂൺ 28, 29 തീയതികളിൽ ചേർന്ന ജി.എസ്.ടി. കൗൺസിലിൻ്റെ 47 -)മത് യോഗത്തിൻ്റെ ശുപാർശകളിൽ പലതും ചെറുകിട-ഇടത്തരം വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമൻ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീ. എസ്. എസ്. മനോജും പറഞ്ഞു. ചെറുകിട വ്യാപാര-വ്യവസായ മേഖലയിൽ ഉൾപ്പെട്ട പ്രീ-പാക്ക്ഡ്, പ്രീ-ലേബൽഡ് ഭക്ഷ്യ ഉല്പന്നങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നത് പിൻവലിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് വ്യാപാരികളേയും, വ്യവസായികളേയും നാശത്തിലേയ്ക്കും, നികുതി നിയമക്കുരുക്കിലേയ്ക്കും നയിക്കും. ഈ മേഖലയിലെ കുത്തക കമ്പനികളുമായി മത്സരിക്കുവാൻ സാധിക്കാതെ ഇവർ ഈ രംഗത്തു നിന്നും ഒഴിവാകുന്ന സാഹചര്യം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
പ്രിൻ്റിംഗിനുള്ള മഷി, പിച്ചാത്തി മുതലുള്ള ഉപകരണങ്ങൾ, മോട്ടോർ പമ്പുകൾ, വെറ്റ് ഗ്രൈൻഡറുകൾ, എൽ.ഇ.ഡി. ലാമ്പുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ ഉൾപ്പെടെയുള്ളവയുടെ നികുതി നിരക്ക് വർദ്ധിപ്പിച്ചത്, സാധാരണ ജനങ്ങളുടെ മേൽ അധികഭാരം സൃഷ്ടിക്കും. 1000 രൂപയിൽ താഴെ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറികൾക്കും 12 ശതമാനം നികുതി ഏർപ്പെടുത്തിയത്, ചെറുകിട ലോഡ്ജ് ഉടമകളെ പ്രതികൂലമായി ബാധിക്കും.2 ലക്ഷം രൂപയിൽ അധികം വില വരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി ഉപഭോക്താവ് കൊണ്ടുപോകുന്നതിന്, ഇ-വേ ബിൽ നിർബ്ബന്ധമാക്കുന്നതിനുള്ള നിർദ്ദേശം, ഈ മേഖലയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ജി.എസ്.ടി. നിലവിൽ വന്ന് 5 വർഷം പൂർത്തിയായിട്ടും, സംസ്ഥാനതല ജി.എസ്.ടി. അപ്പെലറ്റ് ട്രൈബ്യൂണലുകൾ ഇനിയും സ്ഥാപിക്കപ്പെടാത്തത് നീതി നിഷേധമാണ്. തർക്കങ്ങൾ പരിഹരിക്കുവാൻ ബഹു. ഹൈക്കോടതികളെ സമീപിക്കുന്നതിന് വ്യാപാരികളെ നിർബന്ധിതരാക്കുന്നു.
ജി.എസ്.ടി. നിയമത്തിലെ 50 (3) വകുപ്പ് പ്രകാരമുള്ള പലിശ സംബന്ധിച്ച് 2020 ൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും, ഇത്തവണത്തെ ജി.എസ്.ടി. കൗൺസിൽ തീരുമാനങ്ങളിൽ പോലും, ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കും എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യക്തമായ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാതിരിക്കുന്നത് താങ്ങാനാവുന്നതിനു പ്പുറമുള്ള ഭാരമാണ് നികുതിദായകർക്ക് വരുത്തിവെയ്ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ചെറുകിട വ്യാപാരികൾ സമർപ്പിക്കേണ്ട 2021-22 വർഷത്തെ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 28 ആയും, 2022-23 ആദ്യ ത്രൈമാസത്തെ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 വരെയായും നീട്ടിയത്, ഈ വിഭാഗത്തിൽ പെടുന്നവർക്ക് അല്പം ആശ്വാസം നൽകും. നികുതി ദായകർ മാസാമാസം സമർപ്പിക്കുന്ന ജി.എസ്.ടി.ആർ 3 ബി എന്ന റിട്ടേണിൽ വരുത്തേണ്ടുന്ന സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി പൊതുവേദിയിൽ അവസരം നൽകുവാൻ കൈക്കൊണ്ട തീരുമാനവും സ്വാഗതാർഹമാണ്.
ചെറുകിട ഇ-കോമേഴ്സ് കോമ്പൗണ്ടഡ് ഡീലേഴ്സിന് രജിസ്ട്റേഷനിൽ നൽകിയിടുള്ള ഇളവും, കോമ്പൗണ്ടഡ് നികുതിദായകർക്ക് ഈ വിഭാഗത്തിൽ പെട്ട ഇ-കോമേഴ്സ് ഡീലേഴ്സിന് ചരക്കുകൾ സപ്ലൈ ചെയ്യുന്നതിനുള്ള സൗകര്യം 2023 ജനുവരി 1 മുതൽ നൽകാമെന്ന് തീരുമാനിച്ചിട്ടുള്ളതും സ്വാഗതാർഹമാണെന്നും നേതാക്കൾ പറഞ്ഞു.എസ്.എസ്. മനോജ്
സെക്രട്ടറി ജനറൽ
കോൺഫെഡറേഷൻ ഓഫ് ആൾ ഇൻഡ്യ ട്രേഡേഴ്സ് (CAIT)
9895696000