നെടുങ്കണ്ടം: മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ കടന്നുകളഞ്ഞയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് അറസ്റ്റുണ്ടാകുമെന്നും ഉടുമ്പന്‍ചോല പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണു കൊലപാതകം നടന്നത്.
ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലെ മോഷണശ്രമത്തിനിടെയാണു സംഭവങ്ങളുടെ തുടക്കം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്കോടി. തന്നെ കടിച്ചു പരുക്കേല്‍പിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കള്ളനു വേണ്ടി നടത്തിയ തിരച്ചിലില്‍ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.
ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.