ഭോപ്പാല്‍: വൃത്തിഹീനമായ റോഡരികില്‍ പൊട്ടിപ്പൊളിയാറായ മതിലിനോട് ചേര്‍ന്ന് അവനിരുന്നു, കുഞ്ഞനിയന്റെ മൃതദേഹവും ചേര്‍ത്ത് പിടിച്ച് നിറകണ്ണുകളുമായി.വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ രണ്ടുവയസുകാരന്‍ അനിയനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തുന്നതും കാത്താണ് അവനിരിക്കുന്നത്. കുഞ്ഞനിയന്റെ ജീവനറ്റ ശിരസിലും ശരീരത്തിലും അവന്റെ കൈകള്‍ മുറുകെ പിടിച്ചിരിക്കുന്നു. നിസ്സഹായതയുടെ, കരളലിയിക്കുന്ന കാഴ്ച്ച!മധ്യപ്രദേശിലെ മൊരേനയില്‍ നിന്നാണ് ഒരു പ്രാദേശിക ലേഖകന്‍ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. രണ്ട് വയസുകാരനായ മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം കാത്തുനില്‍ക്കുകയാണ് പിതാവ് പൂജാറാം ജാതവ് എന്ന മനുഷ്യന്‍. ഈ സമയത്താണ് എട്ടുവയസുകാരന്‍ ഗുല്‍ഷന്‍ അനുജന്റെ മൃതദേഹം മടിയിലിരുത്തി നിലത്തിരിക്കുന്നത്.
അംബയിലെ ബദ്ഫ്ര ഗ്രാമത്തിലെ പൂജാറാം ജാതവ് അസുഖബാധിതനായ തന്റെ രണ്ട് വയസ്സുള്ള മകന്‍ രാജയെ അംബ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. വിളര്‍ച്ചയും വെള്ളക്കെട്ട് രോഗവും ബാധിച്ച രാജ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.അംബ ആശുപത്രിയില്‍ നിന്ന് രാജയെ കൊണ്ടുവന്ന ആംബുലന്‍സ് ഉടന്‍ തന്നെ തിരിച്ചുപോയിരുന്നു. മകന്‍ മരിച്ചതോടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വേണമെന്ന് പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയില്‍ വാഹനമില്ലെന്നും പുറത്തുനിന്നും കാര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനും ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൂജറാമിന്റെ പക്കല്‍ അത്രയും പണമില്ലാതിരുന്നതിനാല്‍ എട്ടുവയസ്സുള്ള മകന്‍ ഗുല്‍ഷനൊപ്പം രാജയുടെ മൃതദേഹം ഏല്‍പിച്ച് അദ്ദേഹം ആംബുലന്‍സിനായി പുറത്തുപോകുകയായിരുന്നു.പിതാവ് വാഹനവുമായി വരുന്നതും കാത്ത് ആ എട്ടുവയസുകാരന്‍ ഒരുപാട് നേരം വഴിയരികില്‍ കാത്തിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരാണ് പൊലിസിനെ വിവരമറിയിച്ചത്.