കള്ളക്കുറിച്ചി: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ചിന്നസേലത്തെ കനിയമൂരിലുള്ള ബോര്‍ഡിംഗ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ ചോദ്യംചെയ്യാനായി ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇവരെക്കുറിച്ചു പരാമര്‍ശമുണ്ട്.പഠിക്കാന്‍ പിന്നാക്കംനിന്ന തന്നെ മാത്തമാറ്റിക്സ്, കെമിസ്ട്രി അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും വാര്‍ഷിക സ്കൂള്‍ ഫീസ് അടയ്ക്കാത്തതിനു മാതാപിതാക്കളോടു പറയണമെന്നു പറഞ്ഞ് മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യയാക്കിയെന്നും 17 വയസുള്ള പെണ്‍കുട്ടിയുടെ കൈപ്പടയിലുള്ള ആത്മഹത്യക്കുറിപ്പിലുണ്ട്.ജൂലൈ 13നാണ് സ്കൂള്‍ ഹോസ്റ്റല്‍ പരിസരത്ത് കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കു ചാടിയതാണെന്നു സംശയമുണ്ടെന്ന് കൂട്ടുകാരി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, മരിക്കുന്നതിനുമുന്പ് ദേഹത്ത് പരിക്കിന്റെ പാടുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിച്ച് കടലൂരിലെ പെരിയസനല്ലൂരില് പ്രതിഷേധസമരത്തിലാണ്.