നെടുമങ്ങാട്: പനവൂര്‍, നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.പനവൂര്‍ വെള്ളംകുടി റോഡരികത്ത് വീട്ടില്‍ ഫൈസല്‍ (24), പനവൂര്‍ വെള്ളംകുടി കൊച്ചാനായികോണത് വീട്ടില്‍ അല്‍ അമീന്‍ (21) എന്നിവരെയാണ് ഫൈസലിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെറു പൊതികളാക്കിക്കൊണ്ടിരിക്കവേ പിടികൂടിയത്.
നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സൂര്യ, തിരുവനന്തപുരം റൂറല്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, എ.എസ്.ഐ സജു, എസ്.സി.പി.ഒ സതികുമാര്‍, ഉമേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം റൂറല്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.ടി. രാസിതിന് കിട്ടിയ രഹസ്യവിവരത്തിനെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കല്‍ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.