വരാപ്പുഴ : വരാപ്പുഴ വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയെയും സുഹൃത്തിനെയും തമിഴ്നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വരാപ്പുഴ വലിയവീട്ടില്‍ വി വി ശിവകുമാര്‍പൈ (50), തിരുവനന്തപുരം കുന്നുകുഴി ടി സി 27/232 ഷൈന്‍ വില്ലയില്‍ നെവില്‍ ജി ക്രൂസ്(58) എന്നിവരെയാണ് ധര്‍മപുരി ജില്ലയില്‍ നല്ലമല്ലി മുത്തുപള്ളത്ത് വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ സാരമായ പരിക്കുള്ളതായി പൊലീസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം സമീപത്തുനിന്ന് കേടുപാടുകളില്ലാതെ കണ്ടെടുത്തിട്ടുണ്ട്.ടൂറിസ്റ്റ് ബസ് വ്യവസായിയായിരുന്ന ശിവകുമാര്‍പൈ അടുത്തകാലത്തായി വലിയ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. പണം തിരികെ നല്‍കാത്തതിനെച്ചൊല്ലി വരാപ്പുഴ പൊലീസില്‍ ശിവകുമാറിനെതിരെ പരാതികള്‍ ഉണ്ടായിരുന്നു. തമിഴ്നാട്ടുകാരില്‍നിന്ന് വന്‍തുക ബിസിനസിനായി വാങ്ങിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന നെവില്‍ ജി ക്രൂസിനൊപ്പം ഞായറാഴ്ചയാണ് ശിവകുമാര്‍ സേലത്തേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ തമിഴ്നാട് പൊലീസാണ് മരണവിവരം വരാപ്പുഴ പൊലീസില്‍ അറിയിച്ചത്.മൃതദേഹങ്ങള്‍ തമിഴ്നാട് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി കേരള പൊലീസിന് കൈമാറും.