മൊഹാലി : പഞ്ചാബില്‍ ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് കിലോഗ്രാം കറുപ്പ് ആണ് കടത്തിയത്. ചണ്ഡീഗഡിലെ ദാപ്പര്‍ ടോള്‍ പ്ലാസയിലാണ് വണ്ടി പരിശോധിച്ചത്.
രോഗിയെന്ന വ്യാജേന കിടന്നയാളിന്‍റെ തലയണക്ക് കീഴില്‍ ഒളിപ്പിച്ചാണ് ഓപിയം കടത്താന്‍ നോക്കിയത്. ഓക്സിജന്‍ സിലിന്‍ഡറോ മറ്റ് സജ്ജീകരണങ്ങളോ കാണാതിരുന്നതാണ് സംശയം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിയായ രവി ശ്രീവാസ്തവ, മൊഹാലി സ്വദേശി ഹരീന്ദര്‍ ശര്‍മ, ചണ്ഡീഗഢ് സ്വദേശി അങ്കുഷ് എന്നിവരാണ് അറസ്റ്റിലായത്.ചോദ്യം ചെയ്യലില്‍ ഇതിന് മുമ്ബ് 12 തവണ ഇതേ രീതിയില്‍ ഇവര്‍ ഓപിയം കടത്തിയിരുന്നതായി വെളിപ്പെടുത്തി. 100 കിലോയോളം മയക്കുമരുന്നാണ് ഇത്തരത്തില്‍ കടത്തിയത്. എന്നാല്‍ പ്രതികള്‍ക്കൊന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് മൊഹാലി സീനിയര്‍ എസ്.പി വിവേക് എസ് സോനി പറഞ്ഞു. ഇവര്‍ക്കെതിരെ നര്‍കോട്ടിക്സ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.