ചേര്‍ത്തല : പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം – മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും.2002 ജൂലായ് 27 ന് രാവിലെ 6.10 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീറ്റര്‍ പടിഞ്ഞാറു മാറി അപകടത്തില്‍പ്പെടുകയായിരുന്നു.15 സ്ത്രീകളും 13 പുരുഷന്‍മാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമര്‍ന്നത്.കോട്ടയം ജില്ലയില്‍ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. കൂടാതെ, പതിവ് യാത്രക്കാരായ മത്സ്യ വില്‍പ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരില്‍ കൂടുതലും. രണ്ടു കുടുംബങ്ങളിലെ മൂന്നു പേര്‍ വീതം മരിച്ചവരില്‍ ഉള്‍പ്പെടും.
ലൈസന്‍സും ഫിറ്റ്നസും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.നൂറോളം പേര്‍ മാത്രം സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലധികം പേര്‍ കയറിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ബോട്ട് സര്‍വീസിന് യോഗ്യമല്ലെന്ന് അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്ബേ ബോട്ട് മാസ്റ്ററായിരുന്ന രാജന്‍ നല്‍കിയ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിലനിന്നിരുന്ന കേസില്‍ ഉള്‍പ്പെട്ട പ്രതികളെയെല്ലാം രണ്ട് വര്‍ഷം വെറുതെ വിട്ടിരുന്നു.