കൊല്ലം : ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു .കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍ ജിത്തു എന്ന സിജു (19), കുരീപ്പുഴ ജിജി ഭവനില്‍ ആദര്‍ശ് (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പരിധിയില്‍ നിന്നുമാത്രം ഇരുപതിലധികം ആഢംബര ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൂട്ടുപിടിച്ചാണ് മോഷണം നടത്തിവന്നത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചുനാള്‍ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ കായല്‍തീരത്തും പറമ്ബുകളിലും എത്തിച്ച് പൊളിച്ചുവില്‍ക്കുകയാണ് രീതി. അഞ്ചാലുംമൂട് ഭാഗത്തുള്ള ആക്രിക്കടയിലാണ് ഇവര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ വിറ്റിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. കണ്ടെടുത്ത ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കും മറ്റു ഭാഗങ്ങളും ഇളക്കി മാറ്റിയ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മതില്‍ ചാടിക്കടന്നശേഷം പൂട്ടുപൊളിച്ചു മോഷ്ടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരുനാഗപ്പള്ളിയിലും സമീപ സ്ഥലങ്ങളിലും നൂറിലധികം സിസിടിവികള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കായംകുളം താലൂക്കാശുപത്രിക്ക് സമീപത്തുനിന്നും ഒരാഴ്ച മുമ്പ് കാണാതായ ബൈക്കും കണ്ടെടുത്തു.