കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍, ഇടയ്‌ക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീന(34)യാണ് ഭര്‍ത്താവിന്റെ വീടായ പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. സംഭവത്തില്‍ ഷീനയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ്, പുത്തൂര്‍ ഐ.എസ്.എച്ച്.ഒ ജി. സുഭാഷ്‌കുമാര്‍, എസ്.ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു പ്രവേശിപ്പിച്ചു. ഷീനയുടെ ഭര്‍ത്താവ് രാജേഷ് സൗദിയിലാണ്. 3 മാസം മുന്‍പാണ് അവധിക്ക് എത്തി മടങ്ങിയത്.