തൃശൂര്‍: നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനായ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുവാന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ രണ്ടാനച്ഛന്‍ തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലി (പ്രസാദ്, 26) നെ കുന്നംകുളം സി.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തു.തൃശൂര്‍ -കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് നൗഫല്‍ (പ്രസാദ്). മര്‍ദനത്തില്‍ പരുക്കേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ഇന്നലെ രാവിലെ 10ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയെ അമ്മയോടൊപ്പം വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഞ്ചാവിന് അടിമയായ രണ്ടാനച്ഛന് രാത്രിയില്‍ കുട്ടിയുടെ കരച്ചിലില്‍ ഉറങ്ങാന്‍ കഴിയാത്തതിലുള്ള ദേഷ്യത്തിലാണ് ഇന്നലെ രാവിലെ തെങ്ങിന്‍ മടലുകൊണ്ട് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിനും പരുക്കുണ്ട്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. നിമ്മി രാവിലെ ഗവ. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുട്ടിക്ക് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് അഡ്വ. നിമ്മി പറഞ്ഞു. സംഭവത്തില്‍ രണ്ടാനച്ഛനെതിരേ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.