വെള്ളമുണ്ട: ബാണാസുരയില്‍ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.35 മീറ്റററില്‍ എത്തിയതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.രാവിലെ 8.10ന് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഉച്ചക്കുശേഷം 2.30ന് ഈ ഷട്ടര്‍ 20 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം എന്നരീതിയില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം സെക്കന്‍ഡില്‍ 17 ക്യുബിക് മീറ്റര്‍ വെള്ളം പുഴയിലേക്ക് തുറന്നുവിടുന്നതാണ്. പുഴയില്‍ 10 സെന്റിമീറ്ററില്‍ താഴെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് പരിഗണിച്ച് ഘട്ടംഘട്ടമായി 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ഡാമിലെ നാല് ഷട്ടറുകളില്‍ ബാക്കിയുള്ള രണ്ടെണ്ണം ആവശ്യാനുസരണം ഉയര്‍ത്തും. റവന്യൂമന്ത്രി കെ. രാജന്‍, ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല കലക്ടര്‍ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10ഓടെ ഷട്ടറുകള്‍ തുറന്നത്. ബാണാസുര ഡാമിന് 201 മില്യണ്‍ ക്യുബിക് മീറ്റര്‍ പരമാവധി സംഭരണശേഷിയാണുള്ളത്. 2018ലെ മഹാപ്രളയത്തിന് ശേഷം കേന്ദ്ര ജല കമീഷന്‍ നിര്‍ദേശാനുസരണം നടപ്പില്‍വരുത്തിയ റൂള്‍ ലെവല്‍ പ്രകാരം 181.65 മില്യണ്‍ ക്യുബിക് മീറ്ററാണ് ആഗസ്റ്റ് 10വരെയുള്ള പരമാവധി സംഭരണശേഷി. ഇതില്‍ കൂടുതല്‍ നീരൊഴുക്കുണ്ടായാല്‍ കൂടുതല്‍ വരുന്ന ജലം സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് ഒഴുക്കിവിടണമെന്നാണ് ചട്ടം.ഇതുപ്രകാരം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടേടെ അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണശേഷി കവിഞ്ഞു. എന്നാല്‍, രാത്രി പുഴയിലേക്ക് ജലം തുറന്നുവിടുന്നതിന് ദുരന്തനിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് രാവിലെ അധിക ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. ഷട്ടര്‍ തുറക്കുമ്ബോള്‍ 774.25 മീറ്ററിലായിരുന്നു ജലനിരപ്പ്.പുഴകളില്‍ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാല്‍ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാല്‍, മഴ ശക്തമായി തുടരുന്നതിനാല്‍ നല്ല ജാഗ്രതവേണമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. ഡാം തുറക്കുന്നതുമൂലം പൊതുജനങ്ങള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.