ശബരിമല : അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വര്‍ണമുത്തുമാല സമര്‍പ്പിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്തന്‍. വ്യവസായരംഗത്തെ വളര്‍ച്ചയ്ക്കുള്ള നന്ദിസൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍ 41.29 ലക്ഷം രൂപ വില വരുന്ന മാല സമര്‍പ്പിച്ചത്. അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിര്‍മ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വര്‍ണ മുത്തുകള്‍. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കാനായിരുന്നു ഭക്തന്റെ തീരുമാനം.
വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാല്‍ പൊട്ടിപ്പോകാന്‍ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാര്‍ ഏറ്റുവാങ്ങുകയായിരുന്നു. ഉച്ചപൂജയ്ക്ക് വിഗ്രഹത്തില്‍ ചാര്‍ത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജര്‍ക്ക് കൈമാറി. രസീതില്‍ തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള നേര്‍ച്ചയാണിത്.