ബീഹാർ: ട്രെയിനില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.ബിഹാര്‍ സ്വദേശികളായ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ബിസ്കറ്റ് നല്‍കിയായിരുന്നു പ്രതികളുടെ മോഷണം.
ആഗസ്ത് 17ന് അറസ്റ്റിലായ പ്രതിയില്‍ നിന്നാണ് ട്രെയിന്‍ മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ മയക്കുമരുന്ന് കലര്‍ത്തിയ ബിസ്ക്കറ്റ് നല്‍കി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തിരുവനന്തപുരത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും യാത്ര ആരംഭിച്ച ട്രെയിനുകളില്‍ കയറി ആറ് മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആദ്യം അറസ്റ്റിലായ ബിഹാര്‍ സ്വദേശി ശത്രുദന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ ബത്തിയ സ്വദേശി ചുമ്മന്‍ കുമാറും പൊലീസിന്റെ വലയിലാകുന്നത്. മുഖ്യപ്രതി ബിഹാര്‍ മച്ചര്‍ ഗാവ് സ്വദേശി സാഹിബ് ഷായ്ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.