തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ്.കെ.നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭര്‍ത്താവ് മാരിയപ്പനെ(45) ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മാരിയപ്പന്‍ കന്നിയമ്മാളിനെ വെട്ടിക്കൊന്നത്. 2018 സെപ്റ്റംബര്‍ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയറ്ററില്‍ സിനിമ കാണാന്‍ പോയി. തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന്‍ വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെല്‍വേലിയ്ക്കു പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോര്‍ട്ട് പൊലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണായക സാക്ഷികള്‍.