തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
വെള്ളക്കെട്ടില്‍ നിന്നുള്ള ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് സ്കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കില്‍ കാല്‍ വഴുതി വീണത്. ശക്തമായ ഒഴുക്കില്‍ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാര്‍ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ അയല്‍വാസിയായ റിട്ടേയേര്‍ഡ് അധ്യാപകന്‍ ഇരുവരേയും രക്ഷിക്കുകയായിരുന്നു.