ചാവക്കാട് : ചാവക്കാട് ആശുപത്രിപ്പടിയിലെ മെഡിക്കല്‍ ഷോപ് കുത്തിത്തുറന്ന് കവര്‍ച്ച. വി കെയര്‍ മെഡിക്കല്‍സില്‍നിന്നാണ് 1.80 ലക്ഷം കവര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് സംഭവം. കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് അകത്തുകയറി മുകള്‍ നിലയിലെ ഓഫിസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്‍റെ 200 മീറ്റര്‍ അകലെ വടക്കുനിന്ന് 50 രൂപ നോട്ടും സ്ഥാപനത്തിന്‍റെ ബില്ലുകളും ഒരു ന്യൂസ്പേപ്പറും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മെഡിക്കല്‍ ഷോപ്പിന് സമീപത്തെ എല്ലാ വീടുകളിലെയും സി.സി ടി.വി കാമറ പൊലീസ് പരിശോധിച്ചുവരുകയാണെന്നും മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.