തൃശൂര്‍: നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും അനിയനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ദേശമംഗലം വറവട്ടൂര്‍ അയോട്ടില്‍ മുസ്തഫയുടെ മകള്‍ ഫരീദാബാനു (22) വിനാണ് മര്‍ദനമേറ്റത്.കടങ്ങോട് മനപ്പടി മണിയാറത്ത് മുഹമ്മദ് മകന്‍ ഷക്കീര്‍, സഹോദരന്‍ ഫിറോസ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. നാലു വര്‍ഷം മുന്നേയാണ് ഗള്‍ഫില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷക്കീര്‍ ഫരീദാബാനുവിനെ വിവാഹം ചെയ്തത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്ന് ഫരീദ ബാനു പറയാറുണ്ടെന്ന് മാതാവ് ലൈല പറഞ്ഞു. ഷക്കീറിന്റെ വീടുപണിക്കായി സ്ത്രീധനമായി നല്‍കിയ 46 പവനും കൂടാതെ രണ്ടു ലക്ഷം രൂപയും ഷക്കീര്‍ വാങ്ങിച്ചെടുത്തതായി ലൈല പറഞ്ഞു.
ആറുമാസങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍നിന്ന് വന്ന ഷക്കീര്‍ ഫരീദാബാനുമായി നിരന്തരം വഴക്കിടാറുണ്ട്. ഇതുമൂലം ഫരീദാബാനു സ്വന്തം വീട്ടിലാണ് അധികവും താമസിച്ചിരുന്നത്. പുതിയ വീടിന്റെ പാലു കാച്ചലിനോടനുബന്ധിച്ച് കഴിഞ്ഞയാഴ്ചയാണ് ഫരീദാബാനു കടങ്ങോട്ടുള്ള ഭര്‍തൃ ഗൃഹത്തില്‍ എത്തിയത്. നാലുമാസം ഗര്‍ഭിണിയായ ഫരീദാബാനുവിനെ അബോര്‍ഷനുവേണ്ടി ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടായിരുന്നുവത്രേ. കഴിഞ്ഞദിവസം വാക്‌സിന്‍ എടുക്കാനായി ആരോഗ്യ കേന്ദ്രത്തിലേക്ക് സ്‌കൂട്ടിയില്‍ കൊണ്ടുവരുന്നതിനിടയില്‍ കുഴികളില്‍ ചാടിച്ചും ബ്രേക്കിട്ടും ഭര്‍ത്താവ് ഇതിന് ശ്രമിച്ചു എന്നും ഫരീദ ബാനു പറയുന്നു.ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനോട് ഫരീദാബാനു വിവരം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് ഷക്കീറും അനിയന്‍ ഫിറോസും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ മുറിയില്‍ കയറി വാതില്‍ അടച്ച ഫരീദ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി കുന്നംകുളം ആശുപത്രിയിലും തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഫരീദ ബാനുവിന്റെ തലയ്ക്കും ശരീരത്തിലാകമാനവും സാരമായ മുറിവേറ്റിട്ടുണ്ട്.