താമരശ്ശേരി: കെ.എസ്.എഫ്.ഇയില്‍നിന്ന് ചിട്ടി തുക കൈപ്പറ്റുന്നതിനും ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വസ്തു പണയപ്പെടുത്തി വായ്പ എടുക്കുന്നതിനായും വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘത്തിലെ ഒരാള്‍ താമരശ്ശേരി പൊലീസിന്റെ പിടിയില്‍.
താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെഴുപ്പൂര്‍ റോഡിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്നാണ് വയനാട് സുല്‍ത്താന്‍ ബത്തേരി പട്ടരുപടി, മാട്ടംതൊടുവില്‍ ഹാരിസിനെ (42) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാജരേഖ നിര്‍മാണ സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ട്. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ മാത്രം ചിട്ടി തുക കൈപ്പറ്റുന്നതിന് 24ഓളം പേര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയ വായ്പക്കായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. വില്ലേജ് ഓഫിസുകളുടെ സീല്‍ വ്യാജമായി നിര്‍മിച്ചും വ്യാജ ഒപ്പിട്ടുമാണ് സ്ഥലത്തിന്റെ സ്കെച്ചും ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും നിര്‍മിച്ചത്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുന്നതിന് രേഖകള്‍ ശരിയാക്കിനല്‍കുമെന്നു വിശ്വസിപ്പിച്ച് ആളുകളില്‍നിന്ന് വന്‍തുക കൈപ്പറ്റിയാണ് വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്നത്.