തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപെട്ടയിടങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും കോമോറിന്‍ തീരത്തെ ചക്രവാതച്ചുഴിയുമാണ് ശക്തമായ മഴ ലഭിക്കാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി വരും ദിവസങ്ങളില്‍ ശക്തി പ്രാപിച്ചേക്കും.അതേസമയം തിരുവനന്തപുരം പെരുമാതുറയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ തുടരുകയാണ്. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.