കാട്ടാക്കട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്. കുറ്റിച്ചല്‍ തച്ചന്‍കോട് സ്വദേശി മിനി (45), മകള്‍ ദയ (17) എന്നിവരാണ് പരിക്കേറ്റ് കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. കള്ളിക്കാട്-കുറ്റിച്ചല്‍ റോഡില്‍ തേവന്‍കോടിനടുത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മകളുമൊത്ത് സ്കൂട്ടറില്‍ പോകവെ കാട്ടുപന്നി സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് പിന്നാലെ വന്ന മറ്റൊരു കാട്ടുപന്നി റോഡില്‍ കിടന്ന ഇവരെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. അമ്മയുടെയും മകളുടെയും നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴാണ് പന്നികള്‍ സ്ഥലംവിട്ടത്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.