വര്‍ക്കല: ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകിട്ട് 4.20 ഓടെയായിരുന്നു അപകടം.മുന്നില്‍ പോയ ബസിനെ അമിതവേഗത്തില്‍ മറ്റൊരു ബസ് മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും വലിയ പരിക്കേല്‍ക്കാതെ പലരും രക്ഷപ്പെട്ടു. വര്‍ക്കല ക്ഷേത്രം ഭാഗത്തു നിന്ന് മാന്തറയിലേക്ക് പോയ മാനസ് ബസും, കാപ്പില്‍ എച്ച്.എസിലേക്ക് പോയ ശ്രീനന്ദ ബസുമാണ് കൂട്ടിയിടിച്ചത്.മുന്നില്‍ പോയ മാനസ് ബസിനെ അമിതവേഗത്തില്‍ പിന്നാലെയെത്തിയ ശ്രീനന്ദ ബസ് മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും നിയന്ത്രണം തെറ്റി സമീപത്തെ മതില്‍ തകര്‍ത്താണ് നിന്നത്.
മാനസ് ബസിന്റെ ഡ്രൈവര്‍ പനയറ വി.എസ് ലാന്റില്‍ അരുണ്‍ (30), കണ്ടക്ടര്‍ മുത്താന രതീഷ് ഭവനില്‍ രതീഷ്( 33), ശ്രീനന്ദ ബസ് ഡ്രൈവര്‍ വെണ്‍കുളം കൈതറവിളാകത്ത് ആകാശ് (24), കണ്ടക്ടര്‍ വെണ്‍കുളം തെക്കേത്തൊടിയില്‍ ശരത്( 24), ബി.എസ്.എസിലെ വിദ്യാര്‍ത്ഥി ഓടയം പടിഞ്ഞാറ്റേകുന്നത്തില്‍ നജുമ(18), വെണ്‍കുളം കരിപ്പുറം മാവിള വീട്ടില്‍ സോനു(20), വെണ്‍കുളം വാറുപുരയിടത്തില്‍ ശോഭന(56), മകന്‍ ജിഷ്ണു(20), വെണ്‍കുളം കണ്ണാംപറമ്ബ് ചന്ദ്രകാന്തത്തില്‍ രേഷ്മ(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് വര്‍ക്കല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ നല്‍കി.