കുന്നംകുളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.ആനായ്ക്കല്‍ സ്വദേശികളായ പൂഴിക്കുന്നത്ത് വീട്ടില്‍ ബവീഷ് (33), ചൂണ്ടുപുരക്കല് നന്ദകുമാര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് ബവീഷിന്റെ സുഹൃത്തും അയല്‍വാസിയുമായ സുബിലിന്റെ വീട്ടിലേക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടെത്തിയത്. എന്നാല്‍, ഈ സമയത്ത് സുബിലിന്റെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതോടെ സുബിലിന്റെ നിര്‍ദേശപ്രകാരം അയല്‍വാസിയായ ബവീഷ് വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള സമയത്ത് വീട്ടില്‍ കയറി പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ബവീഷിനെ ആക്രമിക്കുകയായിരുന്നുവത്രെ. തടയാനെത്തിയ സുഹൃത്ത് നന്ദകുമാറിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.