ആറ്റിങ്ങല്‍: മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടങ്ങളില്‍ ഇതുവരെ കണ്ടെത്താനാകാത്തത് ആറുപേരെ ഇതില്‍ അവസാന വ്യക്തിയാണ് ഒരു മാസം മുമ്ബ് നടന്ന അപകടത്തില്‍ കാണാതായ സമദ്.വര്‍ക്കല ചിലക്കൂര്‍ കനാല്‍ പുറമ്ബോക്ക് രാമന്തള്ളി സ്വദേശിയാണ് സമദ് (52) കഴിഞ്ഞമാസം അഞ്ചിന് നാലുപേരുടെ മരണത്തിനും നിരവധി പേരുടെ ഗുരുതര പരിക്കുകള്‍ക്കും കാരണമായ ദുരന്തത്തില്‍പെട്ടാണ് സമദിനെ കാണാതായത്.
2019ന് ശേഷം മാത്രം പതിമൂന്നോളം പേരാണ് മുതലപ്പൊഴി ഹാര്‍ബര്‍ പുലിമുട്ടിനുള്ളിലും സമീപത്തുമുണ്ടായ അപകടത്തില്‍ മരിച്ചത്. നാട്ടുകാരുടെ അറിവില്‍ സമദ് ഉള്‍പ്പെടെ ആറുപേര്‍ അപ്രത്യക്ഷരായിട്ടുണ്ട്. അഞ്ചുതെങ്ങ് ചമ്ബാവ് സ്വദേശികളായ നോര്‍ബന്‍, വര്‍ഗീസ്, മര്യനാട് ആറാട്ടുമുക്ക് സ്വദേശി ക്രിസ്റ്റിന്‍ രാജ്, കൊല്ലം നീണ്ടകര സ്വദേശി സജി എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.കൈക്കുഞ്ഞുമായി മുതലപ്പൊഴി പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ അഞ്ചുതെങ്ങ് മുണ്ടുതുറ സ്വദേശിനിയെ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചിരുന്നു. അപകടത്തില്‍പെട്ടവരുടെ മൃതദേഹം നിശ്ചിത സമയത്തിനകം പൊന്തിവരുമെങ്കിലും ആരും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കടലിന്റെ അടിത്തട്ടിലേക്കുതന്നെ താഴ്ന്നുപോയേക്കാം.നദിയിലെ ഒഴുക്കനുസരിച്ച് ഹാര്‍ബര്‍ കവാടത്തില്‍നിന്ന് കടലിന്‍റെ ഉള്‍ഭാഗത്തേക്ക് ഒഴുകിപ്പോകാനും സാധ്യതയുണ്ട്. അടിയൊഴുക്കില്‍പെട്ട് പുലിമുട്ടിനായ് സ്ഥാപിച്ച വലിയ പാറകള്‍ക്കും കോണ്‍ക്രീറ്റ് ടെട്രപോടുകള്‍ക്കും ഇടയില്‍ കുടുങ്ങിയാലും കണ്ടെത്താന്‍ പ്രയാസമുണ്ടാക്കും.കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൗകര്യങ്ങളില്ലാത്തതാണ് മേഖലയിലെ ചെറിയ അപകടങ്ങളില്‍പോലും ജീവഹാനിയുണ്ടാകാന്‍ കാരണം. അപകടം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.