കോഴിക്കോട്: സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള വിവിധ റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച സംഘം തട്ടിയത് നാലരക്കോടിയിലേറെ രൂപ.വ്യാജ രേഖ സമര്‍പ്പിച്ച് ചിട്ടി വിളിച്ചെടുത്തും വായ്പയെടുത്തും തിരിച്ചടക്കാതെയുമാണ് തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ 47 പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ചക്കുംകടവ് വലിയകം പറമ്ബില്‍ വി.പി. മുഹമ്മദ് റിയാസിനെ (46) കോടതി റിമാന്‍ഡ് ചെയ്തു.തട്ടിപ്പില്‍ കസബ പൊലീസ് മാത്രം 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ടൗണ്‍, താമരശ്ശേരി, തൊട്ടില്‍പാലം, കൊണ്ടോട്ടി ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനുകളില്‍ പത്തിലേറെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസുകളുടെ പേരിലാണ് സംഘം വ്യാജരേഖകള്‍ നിര്‍മിച്ചത്. തുടര്‍ന്ന് ഇവ കെ.എസ്.എഫ്.ഇയുടെയും മറ്റു പല ധനകാര്യ സ്ഥാപനങ്ങളിലും ചിട്ടിക്ക് ജാമ്യത്തിനും മറ്റുമായി നല്‍കിയാണ് വന്‍ തുകകള്‍ തട്ടിയത്. കോഴിക്കോട് കാവിലുംപാറ, നരിപ്പറ്റ, ബാലുശ്ശേരി തുടങ്ങി 12 വില്ലേജ് ഓഫിസുകളില്‍ നിന്നുള്ളവയെന്ന വ്യാജേന വിവിധ റവന്യൂ രേഖകള്‍ കെ.എസ്.എഫ്.ഇ ശാഖകളില്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം റിയാസിനെ കസബ പൊലീസ് പിടികൂടിയത്.