പാലക്കാട്: നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകള്‍ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്. കാല്‍നാടയാത്രക്കരുടെ ഉള്‍പ്പെടെ ജീവന് ഭീഷണിയായുള്ള അഭ്യാസപ്രകടനങ്ങള്‍ തടയാനാണ് ആര്‍ടിഒയുടെ ശ്രമം. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ആര്‍ടിഒ പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും നടത്തുന്ന അഞ്ച് യുവാക്കളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോ ഇവര്‍ തന്നെ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. അഭ്യാസികളെ പിടികൂടിയ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആർടിഒയുടെയാണ് നടപടി.
പിടിച്ചെടുത്ത ബൈക്കുകളിലെല്ലാം ഉടമകളുടെ ഇന്‍സ്റ്റാഗ്രാം ഐഡി കൂടി ചേര്‍ത്തിട്ടുണ്ട്. നടപടി നേരിടുന്നവരെല്ലാം 19നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെയെല്ലാം ലൈസന്‍സുകള്‍ റദ്ദാക്കാനും 10,000 രൂപ വീതം പിഴ ചുമത്താനുമാണ് തീരുമാനം.