തിരുവനന്തപുരം: തൈയ്‌ക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ചുമതലപ്പെടുത്തിയ സൊസൈറ്റിയിലെ ചില ജീവനക്കാര്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതിനഗരസഭ നിശ്ചയിച്ച തുകയേക്കാള്‍ 1300 രൂപ സംസ്‌കാരത്തിന് മേല്‍നോട്ടം വഹിക്കുന്ന സൊസൈറ്റി ജീവനക്കാര്‍ പിരിക്കുന്നുവെന്നാണ് ആരോപണം.സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ തൈയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് സിവില്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കുന്നത് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് ഇലക്‌ട്രിക്, രണ്ട് ഗ്യാസ്, നാല് വിറക് ചിതകളാണ് ശാന്തികവാടത്തിലുള്ളത്.ഇതില്‍ ഇലക്‌ട്രിക്, ഗ്യാസ് ചിതകളില്‍ സംസ്‌കരിക്കുന്നതിന് 1600 രൂപയും ( തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ബി.പി.എല്‍ കുടുംബത്തിന് 850 രൂപ ) മിനി ശ്‌മശാനമായ വിറക് ചിതയില്‍ സംസ്‌കരിക്കുന്നതിന് 1700 രൂപയുമാണ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളത്.എന്നാല്‍ വിറക് ചിതയില്‍ സംസ്‌കരിക്കുന്നതിന് 1700 രൂപയ്‌ക്കുപുറമെ 1300 രൂപ കൂടി നല്‍കണമെന്നാണ് സംസ്‌കാരത്തിന് മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരുടെ നിലപാട്. ഇതിന് രസീതും നല്‍കില്ല. സംസ്‌കാരം നടക്കേണ്ടതിനാല്‍ ബി.പി.എല്‍ കുടുംബങ്ങള്‍ വരെ 3000 രൂപ അടയ്‌ക്കേണ്ടിവരുന്ന സ്ഥിതിയാണ്. സൊസൈറ്റിയുമായുള്ള കരാര്‍ പ്രകാരം വിറക് ഉപയോഗിച്ചുള്ള സംസ്‌കാരത്തിന് കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ പൊതുജനങ്ങളില്‍ നിന്ന് ഇടാക്കാവൂ എന്നാണ് വ്യവസ്ഥ.കരാര്‍ ലംഘിച്ചതായി കണ്ടെത്തുകയും മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടും പണപ്പിരിവിനെതിരെ നഗരസഭ നടപടിയെടുക്കാത്തില്‍ പ്രതിഷേധം ശക്തമാണ്.