തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 23ന് കൊടിയേറും. ഉത്സവത്തിന്റെ താന്ത്രികചടങ്ങായ മണ്ണുനീർ കോരൽ ഇന്നലെ സന്ധ്യയ്ക്ക് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടന്നു.
മിത്രാനന്ദപുരം കുളത്തിൽ നിന്ന് ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീർ കോരിയത്. വാദ്യ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന് കൈമാറി. രാത്രി ഉത്സവത്തിന്റെ മുളയീട് പൂജയ്ക്കുള്ള നവധാന്യങ്ങൾ മുളയിട്ടു. കൊടിയേറ്റ് ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും. ചടങ്ങിന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശപൂജ 21ന് വൈകിട്ട് നടക്കും. 22ന് ബ്രഹ്മകലശാഭിഷേകം. 23ന് രാവിലെ 8.30ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റും. 30ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക. 31ന് രാത്രി 8.30ന് പദ്മവിലാസം കൊട്ടാരത്തിന് മുന്നിൽ പള്ളിവേട്ട. നവംബർ ഒന്നിന് വൈകിട്ട് പടിഞ്ഞാറെ നടയിൽ നിന്ന് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. ക്ഷേത്രവുമായി ആചാരബന്ധമുള്ള മറ്റ് നാലുക്ഷേത്രങ്ങളിലെ ആറാട്ട് വിഗ്രഹങ്ങളുമായി ചേർന്ന് കൂടിയാറാട്ടാണ് നടത്തുന്നത്.