കോന്നി: അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കിണറ്റില്‍വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കോന്നി ഞള്ളൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഞള്ളൂര്‍ ചേലക്കാട്ട് അനു സി.ജോയിയുടെ വീട്ടിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.രാവിലെ ഏഴരയോടെ മോട്ടര്‍ ഓണാക്കിയപ്പോള്‍ ടാങ്കില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കാട്ടുപോത്തിനെ കണ്ടത്. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോജി ജയിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി ലിതേഷ്, കുമ്മണ്ണൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി സുന്ദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘവും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി. ആദ്യ ശ്രമത്തില്‍ കരക്കുകയറാതെ വന്നതോടെ മണ്ണുമാന്തി ഉപയോഗിച്ച് കിണറിന്റെ അരികുവശം ഇടിച്ചുതാഴ്ത്തി വഴിവെട്ടിയാണ് പോത്തിനെ കരക്കെത്തിച്ചത്. ഏകദേശം രണ്ടുമണിയോടെ പോത്ത് കരക്കുകയറി. രണ്ടുമിനിറ്റ് കരയില്‍ നിന്നതിനുശേഷം വനത്തിലേക്ക് കയറിപ്പോയി.
പോത്തിന്റെ മുന്‍കാലുകള്‍ക്കും പുറകുഭാഗത്തും മുറിവുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.