മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് നദിയില്‍ പതിച്ച് 60 പേര്‍ മരിച്ചു. തലസ്ഥാനമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ മോര്‍ബിയില്‍ മച്ചു നദിക്കു കുറുകെയുള്ള പാലം ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് തകര്‍ന്നത്.നദിയുടെ പകുതിഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞ പാലത്തിന്‍റെ ഇരുഭാഗത്തും ആളുകള്‍ കുടുങ്ങുകയായിരുന്നു. നാല്‍പ്പതുപേരെ രക്ഷപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അൻപതു പേര്‍ മരിച്ചുവെന്നും നൂറോളം പേര്‍ക്കു പരിക്കേറ്റുവെന്നും രാജ്കോട്ട് എംപി മോഹന്‍ കുന്ദാരിയ ഇന്നലെ രാത്രി സ്ഥിരീകരിച്ചു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണിക്കുശേഷം ഗുജറാത്ത് പുതുവത്സരദിനമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണു തുറന്നുനല്‍കിയത്. ആറുമാസം സമയമെടുത്ത് ഒരു സ്വകാര്യകന്പനിയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. കാല്‍നടയായി സഞ്ചരിക്കാന്‍ മാത്രം അനുവാദമുള്ള പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ചിട്ടില്ല. വിനോദസഞ്ചാരത്തിനായി നിരവധി പേര്‍ പ്രദേശത്ത് എത്താറുണ്ട്. അപകട സമയത്ത് അഞ്ഞൂറിലധികം ആളുകള്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ത്രീകളും കുട്ടികളും അപകടത്തില്‍പ്പെട്ട പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു. ദീപാവലി അവധിക്കാലത്തെ ഞായറാഴ്ചയായതിനാലാണ് തിരക്ക് നിയന്ത്രണാതീതമായതെന്നും അവര്‍ പറഞ്ഞു. ദേശീയദുരന്ത നിവാരണസേനയുടെ മൂന്ന് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മോര്‍ബിയില്‍ എത്തി. പോലീസും ഗ്രാമവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ നദിയില്‍ തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഗ്‌വി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.