ന്യുയോര്‍ക്ക്: ബ്രോണ്‍സ് ക്വിംന്പി അവന്യുവില്‍ ഞായറാഴ്ച വീടിനു തീപിടിച്ച് മൂന്നു കുട്ടികളും 22 കാരനും ദാരുണാന്ത്യം.യെമനില്‍ നിന്ന് കുടിയേറിയ കുടുംബമാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.ബ്രോണ്‍സിലെ വീട്ടില്‍ നിന്നും ഞായറാഴ്ച രാവിലെയാണ് പുക ഉയരുന്ന വിവരം നാട്ടുക്കാര്‍ പോലീസിനെ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചതിനുശേഷം നടത്തിയ പരിശോധനയില്‍ രണ്ടുപേരുടെ മൃതദേഹവും, ഗുരുതരമായി പൊള്ളലേറ്റ മറ്റുള്ളവരെയും കണ്ടെത്തുകയായിരുന്നു.പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഇവരുടെ സഹോദരന്‍ 22 വയസുള്ള അഹമ്മദ് സാലയും അഹമ്മദിന്‍റെ മകള്‍ പത്തു മാസമുള്ള ബറ സാലയുംആശുപത്രിയിലാണ് മരിച്ചത്. അഹമ്മദ് സാലയുടെ ഭാര്യയെയും മറ്റൊരാളെയും അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.
വീടിന് തീ പിടിച്ചതോടെ പുറത്തുകടക്കാന്‍ കഴിയാതെ കുട്ടികള്‍ ജനലിനരികെ വന്ന് നിലവിളിച്ചുവെങ്കിലും സമീപവാസികള്‍ക്ക് അവിടേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇവര്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടം പൂര്‍ണമായും കത്തി.