(അജിത്. കുമാർ. ഡി )
തിരുവനന്തപുരം :- മോട്ടോർ വാഹന നിയമങ്ങൾ പാടെ കാറ്റിൽ പറത്തി സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ ചുവന്ന നമ്പർ പ്ലേറ്റ് ബോർഡുകൾ വ്യാപകം. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിലും അവ കണ്ടില്ലെന്ന് നടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് അതി ഗുരുതരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുമൂലം ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മോട്ടോർ വാഹന നിയമ റൂൾ 92(A) പ്രകാരം ചുവന്ന പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ ഉപയോഗിക്കേണ്ട വാഹനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.കേരള ഗവർണറുടെ വാഹനം, രാജ്ഭവൻ വാഹനങ്ങൾ, മന്ത്രിമാരുടെ വാഹനങ്ങൾ, എംപിമാരുടെ വാഹനങ്ങൾ, ജില്ലാ കളക്ടറുടെ വാഹനം, കമ്മീഷണർ മാരുടെ വാഹനങ്ങൾ, കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ, ഹൈക്കോടതി ജൂഡിഷ്യൽ ഓഫീസർ വാഹനങ്ങൾ, സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി, ലോക അദാലത്ത് സ്ഥിരം ചെയർമാൻ എന്നിവരുടെ വാഹനങ്ങളിൽ മാത്രമേ 30X10cm ബോർഡ് അളവിലും 60mm ഉയരവും 8mm കട്ടിയിലും ചുവന്ന പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് നമ്പർ പ്ലേറ്റ് നിർമ്മിച്ച് ഉപയോഗിക്കാവൂ എന്നതാണ് ഇത് സംബന്ധിച്ച നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ, നാഷണൽ ബാങ്കുകൾ തുടങ്ങിയവയ്ക്ക് ഇളം നീല നിറത്തിലുള്ള പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങൾ മാത്രമേ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാവൂ.30X10cm സൈസിൽ ഉള്ള ബോർഡിൽ 40mm ഉയരത്തിലും 6 mm കനത്തിലുള്ള അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നും നിയമത്തിൽ പറയുന്നു. യൂണിവേഴ്സിറ്റികൾ, വൈസ് ചാൻസിലർ എന്നിവർക്ക് ഇളം നീല നിറം പശ്ചാത്തലമാക്കി വെളുത്ത നിറത്തിലുള്ള അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന്
“C1/16793/Tc/2009 dated 3/7/2013” ഇറക്കിയ സർക്കാർ ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിൽ ഉള്ള ഉയർന്ന ഉദ്യോഗസ്ഥരിൽ പലരും അവരുടെ പേരിലുള്ള സ്വകാര്യവാഹനങ്ങളിൽ ഗവൺമെന്റ് ബോർഡ് വച്ച് ഓടുന്നുണ്ട് ഇതും നിയമലംഘനമാണ്. സർക്കാർ- അർദ്ധസർക്കാർ ആവശ്യത്തിന് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ നിർബന്ധമായും ഈ നിയമങ്ങൾ അനുസരിക്കുന്നതിനോടൊപ്പം ഡിപ്പാർട്ട് മെന്റ് പേര്, ഏത് ഉദ്യോഗസ്ഥരാണ് വാഹനം ഉപയോഗിക്കു ന്നത് ആളുടെ ഔദ്യോഗിക നാമം ആ വാഹനത്തിൽ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്. ചുവന്ന പ്രതലം പശ്ചാത്തലമാക്കി അതിൽ സ്വർണ്ണ ലിപി അക്ഷരങ്ങൾ എഴുതി വാഹനങ്ങളിൽ പതിപ്പിക്കുന്നതിനു മോട്ടോർ വാഹന നിയമത്തിൽ പ്രത്യേകമായി ഒന്നും പറയുന്നില്ല ഇതും ഗുരുതരമായ നിയമ ലംഘനമാണ് മാത്രമേ കാണാൻ കഴിയുകയുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡ്, വൈസ് ചാൻസിലർ തുടങ്ങി നിരവധി വകുപ്പുകളിലെ വാഹനങ്ങളിലാണ് ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത അക്ഷരത്തിലും, ചുവന്ന പശ്ചാത്തലത്തിൽ സ്വർണ്ണ ലിപികളിൽ മേധാവികളുടെ സ്ഥാനപ്പേര് പതിപ്പിച്ച് സംസ്ഥാനത്തുടനീളം ഓടിക്കൊണ്ടിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും പോലീസും ഇത്തരം നിയമങ്ങൾ കടലാസിൽ ഒതുക്കി വയ്ക്കുകയും പലരും നടത്തുന്ന നിയമലംഘനങ്ങൾ ദിനംപ്രതി കണ്ടില്ലെന്നു നടിക്കുകയും ആണ് ചെയ്യുന്നത്. മേൽ ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നതും ഇതിലും അതി ഗുരുതരമായ നിയമ ലംഘനമാണ്. കഴിഞ്ഞദിവസം
മ്യൂസിയത്തിന് മുന്നിൽ നടന്ന സംഭവം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇതു പോലെയുള്ള നിയമലംഘനങ്ങൾ നടപടി എടുക്കാതെ ഇരിക്കുന്നിടത്തോളം കാലം ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഒരിക്കലും കുറയുകയില്ല.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്.