ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പള്ളിക്കുള്ളില്‍ കയറി ഖുറാന്‍ കത്തിച്ച സംഭവത്തില്‍ യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.ഖുറാന്‍ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളില്‍ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്‌റെ ആലം പള്ളിയില്‍ ഖുറാന്റെ ഭാഗം കത്തിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഐജി രമിത് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു. താജ് മുഹമ്മദ് എന്നയാളാണ് ഖുറാന്‍ കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ ഖുറാന്‍ കത്തിച്ച് പ്രദേശത്തുനിന്ന് പോകുന്നതായി കണ്ടു. ഇയാളെ പിന്നീട് ബരുജായി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.