മൂന്നാര്‍: ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മൂന്നാറിലെ ഇക്കാനഗറിലാണ് സംഭവം. ഹോട്ടല്‍ ഉടമ പ്രശാന്തിനേയും ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ്.ജോണ്‍ പീറ്റര്‍ (25), ജെ.തോമസ് (31), ആര്‍.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയില്‍ ആര്‍.മണികണ്ഠന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
ഇക്കാനഗറിലെ ‘സാഗര്‍’ ഹോട്ടല്‍ ഉടമ എല്‍.പ്രശാന്ത് (54), ഭാര്യ വിനില (44), മകന്‍ സാഗര്‍ (27) എന്നിവര്‍ക്കാണ്വെട്ടേറ്റത്. തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠന്‍ ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. അതു കിട്ടാന്‍ വൈകിയപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു.ഈ സമയം ഹോട്ടലില്‍ മുപ്പതോളം വിനോദസഞ്ചാരികള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികള്‍ക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ പുറത്തേക്കിറങ്ങിയ മണികണ്ഠന്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം അകത്തു കയറി പ്രശാന്തിനെയും കുടുംബത്തെയും കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ആയുധം വീശി ആളുകളെ ഭയചകിതരാക്കിയ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.