കൊടുങ്ങല്ലൂര്‍: കയ്പമംഗലം കൂരിക്കുഴിയില്‍ കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വര്‍ഷത്തിനുശേഷം കണ്ണൂര്‍ ആഴിക്കരയില്‍നിന്ന് പിടികൂടി.പൊലീസിനെ വെട്ടിച്ച് മുങ്ങി ഒളിവില്‍ കഴിയുകയായിരുന്ന കേസിലെ രണ്ടാംപ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടില്‍ ഗണപതി എന്ന വിജീഷാണ് (38) പിടിയിലായത്. വെളിച്ചപ്പാട് കോഴിപ്പറമ്ബില്‍ ഷൈന്‍ ആണ് ക്ഷേത്രവളപ്പില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലക്കുശേഷം രക്ഷപ്പെട്ട പ്രതി ആദ്യം ബംഗളൂരുവിലും പിന്നീട് കാസര്‍കോട് ബേക്കലില്‍ അപ്പന്‍ എന്ന പേരിലും ഒളിച്ച് താമസിക്കുകയായിരുന്നു. അവിടെ അനാഥനെന്ന് വിശ്വസിപ്പിച്ച് വിവാഹവും കഴിച്ചു. നാടുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇയാള്‍ ബേക്കലില്‍ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു.കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലെ പൊലീസ് സംഘം നാളുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്.