കുമളി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊമ്പ് ഷിബുവിനെ തമിഴ്നാട്ടിലെ ഏര്‍വാടിക്ക് അടുത്ത് നിന്ന് കുമളി പൊലീസ് പിടികൂടി.തിരുവനന്തപുരം സ്വദേശിയായ കൊച്ച് ഷിബുവെന്നും വിളിക്കുന്ന അന്തര്‍സംസ്ഥാന മോഷ്ടാവായ ഷിബു സാമുവലാണ് (44) പൊലീസിന്റെ പിടിയിലായത്. കുമളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷണം പോയതിനെ തുടര്‍ന്നാണ് പൊലീസ് ഷിബുവിനായി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ മോഷണം പോയ ഈ ബൈക്ക് ഉപയോഗിച്ച് അങ്കമാലിയില്‍ നിന്ന് 15,000 രൂപയും 9,00,000 രൂപ വിലവരുന്ന ആഭരണങ്ങളും പ്രതി മോഷ്ടിച്ചതായി കണ്ടെത്തി. അന്വേഷണത്തില്‍ പ്രതി തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു.തുടര്‍ന്ന് തീര്‍ത്ഥാടക വേഷത്തില്‍ ഏര്‍വാടിയിലെത്തിയ അന്വേഷണസംഘം പ്രതിയെ പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. കേരളത്തിലെത്തി വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതി പിടിയിലാകുന്നത്.