കോഴിക്കോട്: കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മണിക്കൂറോളം കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ അജ്ഞാതസംഘം ഓട്ടോയില്‍ കൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിക്കുക ആയിരുന്നു. പിന്നെയും രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചോരയില്‍ കുളിച്ചു മൂന്നു മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇതിനിടയിലാണ് അജ്ഞാത സംഘം യുവാവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. അപ്പോഴേക്കും ചോരയൊലിച്ചു കിടന്ന യുവാവിന്റെ അവസ്ഥ ഗുരുതര നിലയിലായി.തൃശൂര്‍ പെരിഞ്ഞനം കോവിലകം കെ.ടി.രാജ്കുമാര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരയിടത്തുപാലം ജംക്ഷനിലെ കടവരാന്തയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയാണു യുവാവിനെ അവശനിലയില്‍ കണ്ടത്.