മലപ്പുറം: താനൂര്‍ താനാളൂരില്‍ നാല് വയസുകാരന് നേരെയുണ്ടായ തെരുവുനായകളുടെ ആക്രമണത്തില്‍ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്.വട്ടത്താണി സ്വദേശി റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്. കുട്ടിയുടെ ശരീരത്തില്‍ നാല്‍പതോളം മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവും സഹോദരനും മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ആറോളം തെരുവുനായ്‌ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ കടിച്ച് പരിക്കേല്‍പ്പിച്ചതെന്നും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.