തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാല്‍ വിപുലമാണ് മുന്നൊരുക്കങ്ങള്‍. 22ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലാമേളക്ക് തുടക്കമാകുക.12 വേദികളില്‍ 297 ഇനങ്ങളിലായി 7320 വിദ്യാര്‍ഥികള്‍ ഇക്കുറി കലോത്സവത്തില്‍ മാറ്റുരക്കാനെത്തും. കലോത്സവത്തിന്‍റെ ഉദ്ഘാടനം 22ന് വൈകുന്നേരം നാലിന് മന്ത്രി ആന്‍റണി രാജു നിര്‍വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആദ്യ ദിവസം പ്രധാനമായും രചന മത്സരങ്ങളാണ് നടക്കുക. 29 മുറികളാണ് വിവിധ രചന ഇനങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്. ഒപ്പം ആദ്യദിവസം തന്നെ വേദികളുമുണരും.കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസ് എന്നിവക്ക് പുറമെ ഗവ.എല്‍.പി.എസ് കോട്ടണ്‍ഹില്‍, ഗവ.പി.പി.ടി.ടി.ഐ കോട്ടണ്‍ഹില്‍, എസ്.എസ്.ഡി ശിശുവിഹാര്‍, യു.പി.എസ് വഴുതക്കാട് എന്നിവിടങ്ങളിലാണ് 12 വേദികളും സജ്ജമാക്കിയിരിക്കുന്നത്. കോട്ടണ്‍ഹില്‍ എച്ച്.എസ്.എസിലെ ഓഡിറ്റോറിയമാണ് ഒന്നാം വേദി.ആദ്യ ദിനത്തില്‍ ഒന്നാം വേദിയിലെ തിരുവാതിരയോടെയാണ് സ്റ്റേജിനങ്ങള്‍ക്ക് തിരശ്ശീലയുയരുക. യു.പി വിഭാഗത്തില്‍ 38 ഇനങ്ങളില്‍ 1082 വിദ്യാര്‍ഥികളും എച്ച്.എസ് വിഭാഗത്തില്‍ 88 ഇനങ്ങളില്‍ 2475 പേരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 102 ഇനങ്ങളിലായി 2355 വിദ്യാര്‍ഥികളുമാണ് മത്സരിക്കുക.
യു.പി വിഭാഗം സംസ്കൃതോത്സവത്തില്‍ 19 ഇനങ്ങളില്‍ 457 പേര്‍ പങ്കെടുക്കും. എച്ച്.എസ് വിഭാഗത്തില്‍ 18 ഇനങ്ങളില്‍ 372 വിദ്യാര്‍ഥികളും. അറബിക് കലോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ 32 ഇനങ്ങളിലായി 339 പേര്‍ മത്സരിക്കും. യു.പി വിഭാഗത്തില്‍ 13 ഇനങ്ങളിലായി 240 വിദ്യാര്‍ഥികളും.26ന് വൈകീട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍, കെ.ആര്‍. ഗിരിജ, എ. അരുണ്‍കുമാര്‍, ഡോ.കെ.പി. വിനു, അജയകുമാര്‍, സിജോ സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.