ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് അധികൃതര്‍ പിടികൂടി. രണ്ട് യാത്രക്കാരില്‍നിന്ന് 63 ലക്ഷം വിലവരുന്ന സ്വര്‍ണവും മറ്റൊരു വിമാനത്തില്‍ ഉപക്ഷിക്കപ്പെട്ട നിലയില്‍ 48 ലക്ഷത്തിന്‍റെ സ്വര്‍ണവുമാണ് പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ച ദുബൈയില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 540 വിമാനത്തിലെ യാത്രക്കാരായിരുന്ന പത്തനംതിട്ട സ്വദേശി ഷിജു, കൊല്ലം സ്വദേശി നൗഫല്‍ എന്നിവരില്‍നിന്ന് ഒരു കിലോ 200ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ലഗേജായി കൊണ്ടുവന്ന ടൂള്‍കിറ്റിനുള്ളിലെ കട്ടിങ് പ്ലയറിന്‍റെ പിടിയും ത്രാസിന്‍റെ സ്പ്രിങ്ങും സ്വര്‍ണമാക്കി സില്‍വര്‍കോട്ടിങ് നടത്തിയാണ് കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍നിന്ന് രാവിലെ 10.30ന് എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 6E1402 വിമാനത്തിലെ ശൗചാലയത്തിനുള്ളില്‍ രാസവസ്തുവിന്‍റെ രൂപത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരുകിലോക്ക് താഴെ സ്വര്‍ണവും കണ്ടെത്തി.