മാന്നാര്‍: കുരട്ടിക്കാട്ടില്‍ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ നാലാമന്‍ കൂടി അറസ്റ്റിലായി.കുരട്ടിക്കാട് പുത്തൂര്‍ വടക്കേതില്‍ വിനോദ് കുമാര്‍ (37) ആണ് പിടിയിലായത്. കുരട്ടിക്കാട് കണിച്ചേരില്‍ കിഴക്കേതില്‍ ബിനീഷ് (36 ), അക്ബര്‍ മന്‍സിലില്‍ അക്ബര്‍ (35 ), കുട്ടമ്ബേരൂര്‍ പുളിക്കാശ്ശേരില്‍ കണ്ടത്തില്‍ സുമേഷ് (34 ) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.വീടുകള്‍ കയറി സാധനങ്ങള്‍ വില്‍പന നടത്തുന്നതിന്റെ ഭാഗമായി റോഡിലൂടെ നടന്നു പോയ സെയില്‍സ് എക്സിക്യുട്ടീവുകളായ യുവതിയേയും യുവാക്കളേയുമാണ് പ്രതികള്‍ ആക്രമിച്ചത്. വിനോദ് കുമാര്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ അബ്കാരി വകുപ്പ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. മാന്നാര്‍ കുരട്ടിക്കാട് കവലയില്‍ വച്ച് ആയിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.