കൊല്ലം :സംസ്ഥാനത്തെ ആദ്യ ഡിറ്റന്‍ഷന്‍ സെന്‍റര്‍ (തടങ്കല്‍ പാളയം) കൊല്ലത്ത് തുടങ്ങി. മുമ്ബ് വിവാദമായതോടെ ഇതിന്‍റെ നടപടി നിര്‍ത്തിവെച്ചിരുന്നു.സന്നദ്ധസംഘടനകളുടെ സഹായത്തോടെ സെന്‍റര്‍ തുടങ്ങാന്‍ സാമൂഹിക സുരക്ഷ വകുപ്പ് ഡയറക്ടര്‍ ജൂണില്‍ പുനര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു. തിരുവനന്തപുരത്തും തൃശൂരും കേന്ദ്രം സ്ഥാപിക്കുന്നതിനായിരുന്നു വിജ്ഞാപനമെങ്കിലും കൊല്ലം കൊട്ടിയത്താണ് തുടങ്ങിയത്. ‘ഡിറ്റന്‍ഷന്‍ സെന്‍റര്‍’ എന്നതിന് പകരം ‘ട്രാന്‍സിറ്റ് ഹോം’ എന്ന പേര് ഉപയോഗിക്കാനാണ് ഔദ്യോഗിക നിര്‍ദേശം. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം എന്ന് എങ്ങനെ എന്നതില്‍ തീരുമാനമായിട്ടില്ല.അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും പാസ്പോര്‍ട്ട്/വിസ കാലാവധിക്കുശേഷം തുടരുന്നവരും ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍നിയമനടപടി കാത്തുനില്‍ക്കുന്നവരുമായ വിദേശികളെ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ഡിറ്റന്‍ഷന്‍ സെന്‍റര്‍ തുടങ്ങുന്നത്. ഡിറ്റന്‍ഷന്‍ സെന്‍റര്‍ ഒരുമാസത്തിനുള്ളില്‍ തുടങ്ങുന്നില്ലെങ്കില്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയടക്കം ഹാജരാവണമെന്ന് നൈജീരിയന്‍ പൗരന്‍റെ ഹരജിയില്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.
തൃശൂരിലെ താല്‍ക്കാലിക സെന്‍ററിലുണ്ടായിരുന്ന നാല് വിദേശികളെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്ലത്തെത്തിച്ചത്. മൂന്നുപേര്‍ നൈജീരിയക്കാരും ഒരാള്‍ എല്‍സാല്‍വദോര്‍ സ്വദേശിയുമാണ്. 20 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് മയ്യനാട് പഞ്ചായത്ത് പരിധിയിലെടുത്ത വാടകക്കെട്ടിടത്തിലുള്ളത്. സി.സി.ടി.വി കാമറ, ഇന്‍റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംവിധാനങ്ങള്‍ക്കായി സാമൂഹികനീതി വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ ചെലവിന് 50 ലക്ഷം രൂപയും. ജില്ല സാമൂഹിക നീതി ഓഫിസര്‍ക്കാണ് മേല്‍നോട്ട ചുമതല. ജില്ല പ്രബേഷന്‍ ഓഫിസറുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് സുരക്ഷ ചുമതല. അന്തേവാസികള്‍ക്ക് സെന്‍ററിന്‍റെ മതില്‍കെട്ടിനുള്ളില്‍ ഇറങ്ങി നടക്കാന്‍ അനുവാദമുണ്ടാവും.